Categories
Malayalam Poetry

കുറുന്തൊകൈ 47

(സംഘകാലകവിതയുടെ മനോഹാരിതയാണു കുറുന്തൊകൈ. അതാസ്വദിക്കാനുള്ള എന്റെ ശ്രമങ്ങളാണ്‌ ഇതെല്ലാം.)

47-ആമത് കുറുന്തൊകൈ ആണു താഴെ. നെടുവിണ്ണിലവ് (സമയത്തില്‍ നീണ്ടുനില്‍ക്കുന്ന വെണ്ണിലാവ്) ഇതിലെ പ്രധാന കഥാപാത്രമായതിനാല്‍ ഇതെഴുതിയ കവിയെ നാം നെടുവിണ്ണിലവിനാര്‍ എന്ന പേരില്‍ മാത്രം ഇന്നറിയുന്നു.

கருங்கால் வேங்கை வீயுகு துறுகல்
இரும்புலிக் குருளையிற் றோன்றுங் காட்டிடை
எல்லி வருநர் களவிற்கு
நல்லை யல்லை நெடுவெண் ணிலவே.

കരുങ്കാല്‍ വേങ്കൈ വീയുകു തുറുകല്‍
ഇരുമ്പുലിക്കുരുളൈയിറ്റോന്‍‌റും കാട്ടിടൈ
എല്ലി വരുനര്‍ കളവിര്‍ക്കു
നല്ലൈയല്ലൈ നെടുവെണ്ണിലവേ

കരിവേങ്ങയുടെ മഞ്ഞപ്പൂക്കള്‍ തുറുകല്ലുകളില്‍ (വട്ടക്കല്ല്) വീണുകിടന്ന്
കൂറ്റന്‍പുലിയുടെ കുട്ടികള്‍ പോലെ തോന്നുന്ന കാട്ടിലൂടെ
രാവില്‍ ഒളിച്ചെത്തുന്നു അവന്‍.
ഇതു നല്ലതേയല്ല, നെടു വെണ്ണിലാവേ…

കാമുകിയുടെ തോഴി പറയുന്നതായാണ്‌ ഈ കവിത. നിലാവു നീണ്ടുകിടക്കുന്നതിനാല്‍ കാടിന്റെ ഭീകരത വകവയ്ക്കാതെ കാമുകിയുമായി രഹസ്യസംഗമത്തിനു രാത്രിയില്‍ കാമുകനെത്തുന്നു. ഇതു നല്ലതല്ല എന്നു നിലാവിനോടു തോഴി. നിലാവില്ലാതിരുന്നെങ്കില്‍ കാമുകന്‍ നിവൃത്തിയില്ലാതെ കാമുകിയുമായി വിവാഹം തേടിയേനെ എന്നു വ്യംഗ്യം.